നാലു മാസം തികയും മുമ്പ് പ്രസവിച്ച കുട്ടി (മാംസപിണ്ഡം) യെ കുളിപ്പിക്കുകയോ നിസ്കരിക്കുകയോ ചെയ്യേണ്ടതില്ല. നാലു മാസത്തിനു ശേഷം പ്രസവിക്കുന്ന കുട്ടി കരയുകയോ ചലിക്കുകയോ ചെയ്താല്‍ വലിയവരുടെ മയ്യിത്തിനു വേണ്ടി ചെയ്യുന്നതെല്ലാം ഇതിനും വേണം...
മയ്യിത്താണെങ്കിലും പേരിടലും സുന്നത്താണ്. കരയുകയോ അനങ്ങുകയോ ചെയ്യാത്ത ചാപിള്ളയാണെങ്കില്‍ കുളിപ്പിച്ചാല്‍ മതി, നിസ്കരിക്കേണ്ടതില്ല...
മുസ്ലിമായ വ്യക്തിയുടെ ശരീരത്തില്‍ നിന്നു മുറിക്കപ്പെട്ടതാണെന്നു വ്യക്തമായ ഒരു അവയവം കണ്ടുകിട്ടിയാല്‍, പരേതന്റെ മേല്‍ ജനാസ നിസ്കരിച്ചതായി അറിയപ്പെട്ടിട്ടില്ലെങ്കില്‍ പ്രസ്തുത അവയവത്തെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും നിസ്കരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാകും. ഒരവയവത്തിന്റെ മേല്‍ നിസ്കരിക്കുന്നു എന്നല്ല ആ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുന്നു എന്നാണ് കരുതേണ്ടത്...
ഉമര്‍ (റ) ശാമില്‍ വെച്ചു ഏതാനും അസ്ഥികളുടെ മേല്‍ നിസ്കരിച്ചതായി അബ്ദുല്ലാഹിബ്നു അഹ്മദ് (റ)ന്റെ ഒരു രിവായത്തില്‍ കാണാം...
അബൂഉബൈദത്ത് (റ)ന്റെ ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടുപോയ തലയുടെ മേല്‍ ഉമര്‍ (റ) നിസ്കരിച്ചിട്ടുണ്ട്. ഒരു മൃതദേഹത്തില്‍ നിന്നു അറ്റുപോയ കാല്‍ കണ്ടെത്തിയ അബൂഅയ്യൂബ് (റ) അതിന്റെ മേല്‍ നിസ്കരിച്ചതായി അഹ്മദ് (റ) ന്റെ നിവേദനത്തിലുണ്ട്...
ജീവിച്ചിരിക്കുന്നയാളുടെ ശരീരത്തില്‍ നിന്നും വേര്‍പെട്ടുപോയ അവയവത്തിന് നിസ്കരിക്കേണ്ടതില്ല. അതു മറവു ചെയ്യല്‍ സുന്നത്താണ്. മരണാനന്തര ക്രിയകള്‍ എത്രയും വേഗം നിര്‍വഹിച്ച് ഖബറടക്കണം. വല്ല അത്യാഹിതത്തിലും പെട്ടതാണെങ്കിലോ മാരകരോഗം മൂലം മരിച്ചതാണെങ്കിലോ തീരെ വൈകിക്കരുത്. സ്വാഭാവിക മരണം സംഭവിച്ചാല്‍ ബന്ധുക്കളും മറ്റും എത്തിച്ചേരുന്നതിന് താമസിപ്പിക്കാം ...