സാഹചര്യമനുസരിച്ച് മനുഷ്യന്‍ ഏറ്റവും തന്ത്രപരമായി ഉപയോഗിക്കുന്ന വാചകമാണ് ”എനിക്കൊരു മൂഡില്ല” എന്നത്. പതിവായി പലരില്‍ നിന്നും ഈ വാചകം കേള്‍ക്കാറുണ്ട്. സൗകര്യവും, സന്ദര്‍ഭവും അനുസരിച്ച് പലരോടും നമ്മളിത് പറയാറുമുണ്ട്...
എനിക്ക് താല്പര്യമില്ല, എനിക്ക് മടിയാണ്, എന്നെക്കൊണ്ട് പറ്റില്ല എന്നിങ്ങനെയുള്ള വാചകങ്ങള്‍ക്ക് പകരമായാണ് “എനിക്കൊരു മൂഡില്ല” എന്ന് നാം പറയുന്നത്. പലപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കാനുള്ള ഒഴിവ് കഴിവായാണ് ഈ വാചകം പ്രയോഗിക്കുന്നത്.
കര്‍മ്മ മാര്‍ഗത്തില്‍ നിന്ന് നമ്മെ പിന്നോട്ട് വലിക്കുന്ന ഒരു നെഗറ്റീവ് എനര്‍ജി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പഠിക്കാന്‍ പറയുന്ന അമ്മയോട് മകന്‍റെ പ്രതികരണമാകാം, കാര്യക്ഷമമായി ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്ന മേലുദ്യോഗസ്ഥനുള്ള മറുപടിയാകാം, വീട്ടില്‍ ഭക്ഷണം പാകം ചെയ്യാതെ ഹോട്ടലില്‍ പോകുന്നതിന്ന് വീട്ടമ്മയുടെ ന്യായവാദമാകാം...
ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. നമുക്ക് മൂഡില്ലാതാകാന്‍ കൃത്യമായ ഒരു കാരണമുണ്ടാകും. അത് ആലോചിച്ചാല്‍ കണ്ടെത്താനും കഴിയും. മടി അലസത തുടങ്ങിയവ തന്നെയാകും മുഖ്യ പ്രശ്നം.
ചെയ്യേണ്ട കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റിവെക്കുന്ന സ്വഭാവം ഇത്തരക്കാരുടെ പ്രത്യേകതയാണ്. ഇത്തരം അവസ്ഥയെ മനസ്സുകൊണ്ട് തിരിച്ചറിഞ്ഞാല്‍ മറികടക്കുക എളുപ്പമാണ്.
നടക്കാന്‍ മൂഡില്ലെന്ന് പറഞ്ഞിരിക്കുന്ന വ്യക്തിയെ ഒരു പട്ടി ഓടിച്ചാൽ എന്ത് സംഭവിക്കും..?! തീര്‍ച്ചയായും അയാള്‍ ഓടും. അലസതയിലേക്ക് തിരിയുമ്പോള്‍ തന്നെ ഉന്മേഷത്തിന്റെ പാതയിലേക്ക് മനസ്സിനെ തിരിച്ചെത്തിക്കുകയാണ് വേണ്ടത്.
ഇതിന് പല ഉപാധികളുണ്ട്. ചിലപ്പോള്‍ ഒരു കപ്പ് ചായ മതിയാകും. മറ്റു ചിലപ്പോള്‍ നല്ല പുസ്തകങ്ങൾ, ഇതുപോലുള്ള ലേഖനങ്ങൾ പ്രചോദനമേകാം. നല്ല സുഹൃത്തുക്കളുമായുള്ള സംസാരം നമുക്ക് ഊര്‍ജദായകമാകും. വിശ്വാസികള്‍ക്ക് ആത്മീയത മതിയാകും...
നമ്മുടെ മൂഡ് നാമാണ് സൃഷ്ടിക്കുന്നത്. നമ്മുടെ വികാരങ്ങളും വിചാരങ്ങളും നമ്മുടെ നിയന്ത്രണത്തിലാണെങ്കിൽ നമ്മുടെ മൂഡും നമ്മുടെ നിയന്ത്രണത്തിലായിരിക്കും.